
ദോഹ:ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന മരുഭൂവൽക്കരണത്തിനുംവരൾച്ചയ്ക്കുമെതിരെ മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഖത്തർ. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, ഹരിതാഭ നിലനിർത്തൽ, പാരിസ്ഥിതിക സുസ്ഥിരത എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് രാജ്യം നടപ്പിലാക്കിവരുന്നത്. ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (2024-2030) എന്നിവയ്ക്ക് കീഴിൽ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇതിനായി 'ദേശീയ മരുഭൂവൽക്കരണ വിരുദ്ധ തന്ത്രം 2025-2030' രൂപീകരിച്ചു.
കടുത്ത ചൂടും വരണ്ട മരുഭൂമി കാലാവസ്ഥയും കുറഞ്ഞ ജലലഭ്യതയുമുള്ള ഖത്തറിൽ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഹരിതവൽക്കരണം സാധ്യമാക്കുന്നത്.മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2030-ഓടെ 1 കോടി മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ പദ്ധതിയുടെ 40 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. പ്രാദേശികവും തീരദേശപരവുമായ സസ്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി അൽ-ഖഷാമിയ നഴ്സറിയിൽ മാത്രം മുപ്പതിനായിരത്തിലധികം തൈകൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യാൻ ശേഷിയുള്ള മൺഗ്രോവ് (കണ്ടൽ) കാടുകളുടെ വ്യാപനവും ദ്രുതഗതിയിൽ നടക്കുന്നു.മരുഭൂവൽക്കരണം തടയാൻ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളാണ് ഖത്തർ ഉപയോഗിക്കുന്നത്. ഭൂമിയുടെയും സസ്യങ്ങളുടെയും അവസ്ഥ നിരീക്ഷിക്കാൻ ഡ്രോണുകൾ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS), റിമോട്ട് സെൻസിംഗ് എന്നിവ ഉപയോഗിക്കുന്നു. കൂടാതെ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി കൃത്രിമ ബുദ്ധി (AI) പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നുണ്ട്. ആദ്യമായി പാർക്കുകളുടെയും പ്രകൃതിദത്ത സ്ഥലങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ഏകീകൃത ദേശീയ ഡിജിറ്റൽ ഡാറ്റാബേസും രാജ്യം തയ്യാറാക്കിയിട്ടുണ്ട്.മരുഭൂമിയെ ഹരിതാഭമാക്കുന്നതിൽ പൊതുജനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും വലിയ പങ്കുണ്ടെന്ന് വൈൽഡ് ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് ജുമാ അൽ മുഹന്നദി പറഞ്ഞു. പ്രകൃതിവിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കുന്ന സംസ്കാരം വളർത്തിയെടുക്കാൻ മന്ത്രാലയം ബോധവൽക്കരണ കാമ്പെയ്നുകൾ നടത്തിവരുന്നു.
മുമ്പ് വിജയകരമായി പൂർത്തിയാക്കിയ 'ഒരു മില്യൺ മരങ്ങൾ' പദ്ധതിയും, എക്സ്പോ 2023 ദോഹ (Expo 2023 Doha), അന്താരാഷ്ട്ര കാർഷിക പ്രദർശനം (AgriteQ) തുടങ്ങിയ ആഗോള പരിപാടികളും പരിസ്ഥിതി സംരക്ഷണത്തോടുള്ള ഖത്തറിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്ന് പ്രകൃതി സംരക്ഷണ കേന്ദ്രം മേധാവി ഡോ. സെയ്ഫ് അലി അൽ ഹജ്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ഉടമ്പടികളോട് പൂർണ്ണമായി സഹകരിച്ചുകൊണ്ട് ഭാവി തലമുറയ്ക്കായി സുസ്ഥിരമായ ഒരു പരിസ്ഥിതി ഒരുക്കുകയാണ് ഖത്തർ.











